പാലക്കാട്: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലും ജാഗ്രതാനിർദേശം. മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും പാലക്കാട്ടേക്ക് താറാവുകൂട്ടങ്ങൾ എത്താറുണ്ട്. പക്ഷിപ്പനി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദ്രുതകർമസേനയെ വിവരമറിയിക്കാനും സാമ്പിൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയക്കാനും നിർദേശമുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജും മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുമായ ഡോ. സി. സുധീർ ബാബു പറഞ്ഞു. ഇൻഫ്‌ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്‌ളുവൻസ അഥവാ പക്ഷിപ്പനി. പലപ്പോഴും പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണമാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും ജാഗ്രതാനിർദേശം നിലനിൽക്കുകയും ചെയ്യുന്നതിനാൽ ഇത്തവണ ജില്ലയിലേക്ക് താറാവുകൂട്ടങ്ങളടക്കം എത്തുന്നതിനുള്ള സാധ്യത കുറവാണ്. നിലവിൽ, പാലക്കാട് ജില്ലയിലെവിടെയും രോഗസാധ്യത കണ്ടെത്തിയിട്ടില്ലെന്നും ഡോ. സി. സുധീർ ബാബു പറഞ്ഞു.