ഉഴുന്ന് വടയിൽ ചത്ത തവള ;ഷൊർണൂർ നഗരസഭയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി.



ഷൊർണൂർ: നഗരസഭ ആരോഗ്യവിഭാഗം എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഹോട്ടലുകളിലും എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ പദാർഥങ്ങള്‍ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകള്‍ പൂട്ടിച്ചു. നഗരസഭ പരിധിയില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിലും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ട സാഹചര്യത്തിലുമാണ് നടപടി. ഷൊർണൂർ ടൗണിലെ ബാലാജി ഹോട്ടല്‍, റെയില്‍വേ സ്റ്റേഷൻ പരിസരത്തും തെക്കേ റോഡിലുമുള്ള എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പൂട്ടിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം റെയില്‍വേ സ്റ്റാളുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുന്നവയാണ്. ഭക്ഷ്യയോഗ്യമല്ലാത്തതും തലേദിവസം പാചകം ചെയ്തതുമായ ബീഫ്, മീൻകറി, പഴകിയ ചപ്പാത്തി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് ബാലാജി ഹോട്ടലില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എണ്ണയും കണ്ടെത്തി. വൃത്തിഹീനമായ അടുക്കളയാണ് എല്ലാ സ്ഥാപനങ്ങളിലുമുള്ളത്. അടുക്കളയില്‍ മലിനജലം കെട്ടി നില്‍ക്കുന്നതായും മാലിന്യം കൂട്ടിയിട്ടിരുന്നതായും ക്ലീൻ സിറ്റി മാനേജർ പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുമുണ്ടെന്നും മാനേജർ വ്യക്തമാക്കി. ഇനി ഒരു തീരുമാനമുണ്ടാകുന്നത് വരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടാൻ നോട്ടീസ് നല്‍കി. ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. വിനോദ് കുമാർ, ഹെല്‍ത്ത് ഇൻസ്പെക്ടർ ഗിരിജ എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.