കൊല്ലം: ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. പൊലീസുകാര്‍ക്കും പരിക്കുണ്ട്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷവസ്ഥ തുടര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.അതേസമയം, ബലാത്സംഗക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി. അതേ സമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം. നടി അയച്ച വാട്സ്‌അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് മുകേഷ് എംഎല്‍എയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിപ്പോകുകയാണുണ്ടായത്.
മുകേഷിന്റെ രാജി; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്, പൊലീസ് ലാത്തിവീശി.
0
8/31/2024 03:52:00 pm