ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ.




തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ബില്ലടയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും മലയാളികള്‍ ഏറ്റവും അധികം മറക്കുന്നത് കെഎസ്ഇബി ബില്ല് അടയ്ക്കുന്ന കാര്യമാണ്. പലപ്പോഴും ഫ്യൂസ് ഊരാന്‍ ഉദ്യോഹസ്ഥര്‍ വീട്ടിലെത്തുമ്പോഴാണ് പണം അടച്ചില്ലല്ലോയെന്ന കാര്യം ഓര്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളില്ലെങ്കില്‍ തിരിച്ചെത്തുമ്പോളാണ് ഫ്യൂസ് ഊരിയ കാര്യം തിരിച്ചറിയുക.
ഊരിയ ഫ്യൂസ് തിരിച്ചുകിട്ടാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കണം. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് കെ.എസ്.ഇ.ബി പുത്തന്‍ ആശയത്തിലൂടെ. മീറ്റര്‍ റീഡിംഗിന് ആള് വരുമ്പോള്‍ തന്നെ അവരുടെ കൈവശമുള്ള മെഷീന്‍ വഴി പണം അടയ്ക്കാം എന്നതാണ് പുതിയ സൗകര്യം. ഇതിലൂടെ ബില്ലടയ്ക്കാന്‍ കൗണ്ടറില്‍ പോകുന്നതും, പിന്നീട് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതും ഒഴിവാക്കാന്‍ കഴിയും.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.എ എന്നിവ വഴി ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഇല്ലാതെ ബില്‍ അടക്കാനാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള മീറ്റര്‍ റീഡിംഗ് മെഷീനുകളില്‍ ബില്‍ അടക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തുകയും ചെയ്യും. കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് 5000 സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കറണ്ട് ബില്‍ അടക്കാനുള്ള സംവിധാനവും വൈകാതെ കെ.എസ്.ഇ.ബി അവതരിപ്പിക്കും. ഇതിനുള്ള സാങ്കേതിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്യൂആര്‍ കോഡ് തയ്യാറാക്കി വൈദ്യുതി ബില്ലില്‍ ചേര്‍ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.