പുത്തനത്താണി അതിരുമടയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.




തൃശ്ശൂർ - കോഴിക്കോട് ദേശീയപാത പുത്തനത്താണി അതിരുമടയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ചാവക്കാട് മന്ദലംകുന്ന് കൂളിയാട്ട് മുഹമ്മദ് ശിഹാബ് (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ഹൈറുന്നീസ റോഡരികിലേക്ക് തെറിച്ചു വീഴുകയും പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോട്ടയ്ക്കലിൽ ചികിത്സയിലുള്ള ഹൈറുന്നീസയുടെ ബന്ധുവിനെ കാണാനായി പോവുന്നതിനിടെയായിരുന്നു അപകടം. സർവ്വീസ് റോഡിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു.ലോറി ശിഹാബിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തു. അതേ സമയം ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും ചെയ്തു. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ശിഹാബ് ഇലക്ട്രീഷ്യൻ ജോലിക്കാരനാണ്. കൽപകഞ്ചേരി പൊലീസ് നിയമനടപടികൾ സ്വീകരിച്ചു. പരേതനായ മൊയ്‌ദുണ്ണി, ഫാത്തിമ എന്നിവരുടെ മകനാണ്. മുസ്ലിഹ്,മുഹ്സിൻ എന്നിവർ മക്കളാണ്. തിങ്കളാഴ്ച വൈകീട്ട് മന്ദലംകുന്ന് ജുമാമസ്‌ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.