കളക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ ത്തകർ.



മലപ്പുറം കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് പൊതുജനങ്ങള്‍ക്കും പരിസര ഓഫീസിലെ ജീവനക്കാര്‍ക്കും ഭീഷണിയായിരുന്ന മരം സാഹസികമായി മുറിച്ച് ആശ്വാസത്തിന്റെ തണല്‍ വിരിച്ചത്. മരത്തിന്റെ വേരിനോട് ചേര്‍ന്ന് അടിഭാഗം ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായ സ്ഥിതിയായിരുന്നു. ചുറ്റുഭാഗവും കെട്ടിടങ്ങള്‍ ചേര്‍ന്ന് കിടക്കുന്നതും വീഴ്ത്താന്‍ പറ്റിയ സ്ഥലം ഇല്ലാത്തതും മരംമുറി ദുഷ്‌കരമാക്കി. ഭീഷണിയായ പാഴ്മരം വെട്ടിമാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നെങ്കിലും റിസ്‌ക്ക് എടുക്കാന്‍ ആരും തയാറായിരുന്നില്ല. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, എ.ഡി.എം എന്‍.എം മെഹറലി എന്നിവര്‍ മങ്കട ട്രോമ കെയര്‍ ഡിസാസ്റ്റര്‍ ഗ്രൂപ്പുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ അതിസാഹസികമായി ഈ ദൗത്യം ഏറ്റെടുത്തത്. രണ്ട് ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് മരംവെട്ടിമാറ്റല്‍ പൂര്‍ത്തിയാക്കിയത്. ദുരന്ത നിവാരണ ഓഫീസിന് പുറമെ ഗ്രാമ വികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസ്, 10000 ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകള്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന ശൗചാലയം തുടങ്ങിയവ ഈ മരത്തിനു ചുറ്റുമുണ്ടായിരുന്നു. സുനീര്‍ ചേരിയത്തിന്റെ നേതൃത്വത്തില്‍ യൂസുഫ് പുഞ്ചിരി, ജലാല്‍ പുല്ലോടന്‍, സുന്ദരന്‍ തിരൂര്‍ക്കാട്, അസീസ് തങ്കയത്തില്‍, ഇര്‍ഫാന്‍, ഗഫൂര്‍, നസീം, റിയാസ് അരിപ്ര, നൗഷാദ്, മുഹമ്മദ് പാറക്കല്‍, ആരിഫ് കൂട്ടില്‍, സമദ് പറച്ചിക്കോട്ടില്‍, ഷഫീക് അമ്മിനിക്കാട്, മുസ്തഫ, അഫ്‌സല്‍ പനങ്ങാങ്ങര തുടങ്ങിയവരും മങ്കട ചേരിയം പ്രദേശത്തെ ഷാഫി ആലിങ്ങല്‍, ഷിഹാബ് തേവര്‍തൊടി എന്നിവരും ഉദ്യമത്തില്‍ പങ്കാളികളായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.