തൃത്താല അത്താണി ഭാഗത്ത് ഭാരതപ്പുഴയിൽ ഏഴ് പോത്തുകളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാവറട്ടി വാട്ടർ സ്കീമിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തി വെച്ചു.


പട്ടാമ്പി : തൃത്താല അത്താണി ഭാഗത്ത് ഭാരതപ്പുഴയിൽ ഏഴ് പോത്തുകളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 
പാവറട്ടി വാട്ടർ സ്കീമിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തി വെച്ചു. 
പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സാണ് ഭാരതപ്പുഴ. പമ്പിങ്ങ് നിർത്തിവെച്ചതിനെ തുടർന്ന് നിളാതീര പഞ്ചായത്തുകളിലും കുന്നംകുളം, ഗുരുവായൂർ മേഖലകളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കുടിവെള്ളം പരിശോധനക്കായി വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോർട്ട് കിട്ടിയതിനു ശേഷമേ പമ്പിങ് പുനരാരംഭിക്കുകയുള്ളൂ എന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിൽ നാൽക്കാലികൾ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തരമായി വെള്ളം പരിശോധിക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും  മന്ത്രി എം.ബി രാജേഷിന്റെ ഓഫീസ് ഷൊർണൂർ വാട്ടർ അതോറിറ്റി, തൃത്താല മൈനർ ഇറിഗേഷൻ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേ സമയം ഭാരതപ്പുഴയിൽ കന്നുകാലികളെ മേയാൻ അഴിച്ചുവിടുന്നവർക്കെതിരെ നടപടിയുമായി പട്ടാമ്പി 
നഗരസഭയും രംഗത്തിറങ്ങി. പുഴയിൽ ഇറക്കിയ രണ്ട് കന്നുകാലികളെ അധികൃതർ പിടിച്ചുകെട്ടി. ഇവയെ ലേലത്തിൽ വിൽക്കാനാണ് തീരുമാനം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി.
നഗരസഭയിലെ പ്രധാന 
കുടിവെള്ള സ്രോതസ്സായ പുഴയിൽ കന്നുകാലികൾ ഇറങ്ങുന്നത് വെള്ളം മലിനമാകാൻ ഇടയാകുന്നുവെന്നതിനാലാണ് ആരോഗ്യ വിഭാഗത്തിൻ്റെ നടപടി. പുഴയിലേക്ക് കന്നുകാലികളെ അഴിച്ചുവിടരുതെന്ന് പല തവണ ഉടമകൾക്ക് അറിയിപ്പ് നൽകിയിട്ടും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യ
വിഭാഗം നിയമ നടപടികളുമായി രംഗത്തെത്തിയത്. കിഴായൂർ നമ്പ്രത്ത് നടത്തിയ പരിശോധനയിൽ രണ്ട് പോത്തുകളെ പിടികൂടി. ആദ്യഘട്ടത്തിൽ ഉടമയെ കണ്ടെത്തി പിഴ ഈടാക്കുമെന്നും തുടർന്ന് ഇത്തരത്തിൽ പിടികൂടുന്ന കന്നുകാലികളെ ലേലത്തിൽ വിൽക്കുമെന്നും അധികൃതർ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.