ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും കേന്ദ്ര സര്‍വകലാശാലകളിലും ഉള്‍പ്പെടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മലപ്പുറത്ത് ഉണ്ടായ വന്‍ മുന്നേറ്റം രാജ്യ തലസ്‌ഥാന നഗരിയില്‍ നേരിട്ട് പ്രകടമാകുന്നുണ്ടെന്ന് ഹാരിസ് ബീരാന്‍ എം.പി. പ്രസ്‌താവിച്ചു. മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഫീസ് ഫ്രീ നഗരസഭ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തദ്ദേശ സ്വയംഭരണ സ്‌ഥാപനം ആ പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും മത്സരപരീക്ഷകളുടെ ചെലവ് ഏറ്റെടുക്കുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ അതത് പ്രദേശത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ രീതിയില്‍ പ്രവേശന പരീക്ഷകള്‍ക്ക് സംവിധാനം ഒരുക്കിയാല്‍ മലപ്പുറം ലോകോത്തര നിലവാരത്തിലുള്ള പ്രദേശമായി മാറാന്‍ എളുപ്പവഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭ പ്രദേശത്തെ മുഴുവന്‍ ഗവ. സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എസ്.എസ്, കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷയായ സി.യു.ഇ.ടി, പി.എസ്.സി. പരിശീലനം, സാക്ഷരത തുല്യത പരീക്ഷ തുടങ്ങിയ മുഴുവന്‍ പരീക്ഷകളുടെയും പാഠ്യേതര മേഖലയില്‍ ഒപ്പന, കര്‍ണ്ണാട്ടിക് സംഗീതം, മാപ്പിളപ്പാട്ട്, ഫുട്‌ബാള്‍, ഹോക്കി, ടേബിള്‍ ടെന്നീസ്, കളരി എന്നീ പരിശീലനങ്ങള്‍ എന്നിവയ്‌ക്കുള്ള പരിശീലന ഫീസുകള്‍ നഗരസഭയാണ് വഹിക്കുന്നത്. പദ്ധതി മുഖാന്തരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രം പ്രവേശനം നേടി. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എസ്.എസ്. പരീക്ഷകളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പദ്ധതി വഴി രണ്ടുവര്‍ഷത്തിനിടയില്‍ മലപ്പുറത്ത് നേടിയെടുത്തത്. നിലവില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടാത്ത മേഖലയായതിനാല്‍ സര്‍ക്കാരിന്റെ നൂതന കമ്മിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ചെറിയ പ്രായം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മത്സരപരീക്ഷക്ക് പ്രാപ്‌തമാക്കി സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടുവന്ന് വിദ്യാഭ്യാസ മുന്നേറ്റം സൃഷ്‌ടിക്കുന്ന പദ്ധതിയാണ് ഇതുവഴി നഗരസഭ വിഭാവനം ചെയ്യുന്നത്. മുഴുവന്‍ പരിശീലനത്തിന്റെയും ചെലവുകള്‍ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിവരുന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ആദ്യ ഫീസ് ഫ്രീ നഗരസഭയായി മലപ്പുറം.
0
8/28/2024 09:10:00 am