ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടി: ജില്ലാ പൊലീസ് മേധാവി.




ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതി ലഭിച്ചിരുന്നതായും ഈ പരാതി സംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പരാതിയില്‍ അന്വേഷണം നടന്നു വരുന്നതായും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. 

ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയില്‍ രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ‌റഞ്ഞു. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വന്‍ ഗതാഗതക്കുരുക്കാണ് ദേശീയപാതയില്‍ അനുഭപ്പെടുന്നതെന്നും എം.എല്‍.എ പറഞ്ഞു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ജില്ലയിലെ പല വന്‍കിട വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയപാത 66 വികസന പ്രവൃത്തികളുടെ ഭാഗമായി കുറിപ്പുറം ഭാഗത്തു നിര്‍മിക്കുന്ന ഡ്രെയിനേജ് പാടത്തേക്ക് ഒഴുകിപ്പോവുന്ന വിധത്തിലാണ് നിര്‍മിക്കുന്നതെന്നും ദേശീയ പാതാ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ അടിയന്തരമായി  യോഗം വിളിച്ചു ചേര്‍ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് അനാവശ്യമായി വൈകിക്കുന്നതായി പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  എം.എല്‍.എ ഫണ്ടുപയോഗിച്ച് ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തരുതെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉടന്‍ ആരംഭിക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഹീമോഫീലിയ രോഗികള്‍ക്കുള്ള മരുന്ന് ജില്ലയില്‍ ലഭ്യമല്ലെന്നും മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന യു.ഡി.ഐ.ഡി കാര്‍ഡിനുള്ള 18,000 ത്തോളം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യം പരിഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. യു.ഡി.ഐ.ഡി കാര്‍ഡുകള്‍ പെട്ടെന്ന് തന്നെ ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ 25 കുട്ടികളില്‍ താഴെ മാത്രം പ്രവേശനം നേടിയ ആറു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവിയുടെ ഓഫീസ് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി മറുപടികള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി. അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.