തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.(സെപ്തംബര്‍ 5, വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, നഗരസഭാ ചെയര്മാന്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്ട്രേഷന് ആരംഭിക്കും. 9 മണിക്കാണ് ഉദ്ഘാടന സമ്മേളനം. 9.30 ന് അദാലത്ത് തുടങ്ങും. അദാലത്തില്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ 1354 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. പരാതികള്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഉപജില്ലാ അദാലത്ത് സമിതികള്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കി വരികയാണ്. ജില്ലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തോടെ ഇവ മന്ത്രിക്ക് സമര്‍പ്പിക്കുകയും അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യും. അദാലത്ത് ദിവസം മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കാനും അവസരമുണ്ട്. അദാലത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് മഅ്ദിന്‍ അക്കാദമി കാമ്പസില്‍ ഒരുങ്ങുന്നത്. നിലവില്‍ ഓണ്‍ലൈനായി പരാതികള്‍ നല്കിയവര്ക്കും പുതുതായി പരാതി നല്കാന് എത്തുന്നവര്‍ക്കും വെവ്വേറെ രജിസ്ട്രേഷന് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്ന ആറ് ഉപജില്ലാ സമിതികള്‍ക്കായി ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ള ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. ഇത് കൂടാതെ ജില്ലാ- സംസ്ഥാന സമിതികള്‍ക്കായി വേറെ കൗണ്ടറുകളും പ്രവര്‍ത്തിക്കും. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്- പൂര്‍ത്തീകരണം - ക്രമവല്‍ക്കരണം, വ്യാപാര- വാണിജ്യ- സേവന ലൈസന്‍സുകള്‍, ജനന- മരണ- വിവാഹ രജിസ്ട്രേഷന്, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങള്‍, ആസ്തികളുടെ പരിപാലനം, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ വിഷയങ്ങളിലാണ് ഓണ്‍ലൈനായി ലഭിച്ച പരാതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള തിയ്യതികളില്‍ എല്ലാ ജില്ലകളിലും തദ്ദേശ അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് പരാതികള്‍ കേള്‍ക്കുന്നത്.
ജില്ലാതല തദ്ദേശ അദാലത്ത് ( വ്യാഴാഴ്ച ) മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും; അദാലത്തില്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ 1354 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്.
0
9/03/2024 05:35:00 pm