മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിന് തുടക്കം. ഓൺലൈനായി ലഭിച്ച 1354 പരാതികള്‍ പരിഗണിക്കുന്നു.



തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിന്  മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ തുടക്കമായി.  ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. യു.എ. ലത്തീഫ് എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എല്‍.എസ്.ജി.ഡി  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ വി.ആർ വിനോദ്, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, എൽ എസ് ജി ഡി റൂറല്‍ ഡയറക്ടര്‍ ദിനേശൻ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്,   മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

എൽ എസ് ജി ഡി അഡീഷണൽ ഡയറക്ടർ ഇ കെ ബൽരാജ്, ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ്, ചീഫ് ടൗൺപ്ലാനർ ഷിജി ഇ ചന്ദ്രൻ  തുടങ്ങിയ സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാ ജോയിൻ്റ് ഡയറക്ടർ അരുൺ രംഗൻ ഉൾപ്പെടെ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കുന്നു.

രാവിലെ 8.30 ന് തന്നെ രണ്ട് കൗണ്ടറുകളിലായി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ 1354 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. പരാതികള്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഉപജില്ലാ അദാലത്ത് സമിതികള്‍ പരിശോധിച്ച് പരമാവധി തീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ഇവയിൽ അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കുന്നു. ഓൺലൈൻ പരാതികൾക്ക് പുറമെ മന്ത്രി ഇന്ന് നേരിട്ടും പരാതികള്‍ സ്വീകരിക്കുന്നുണ്ട്.

അദാലത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് മഅ്ദിന്‍ അക്കാദമി കാമ്പസില്‍ ഒരുക്കിയത്. നിലവില്‍ ഓണ്‍ലൈനായി പരാതികള്‍ നല്‍കിയവര്‍ക്കും പുതുതായി പരാതി നല്‍കാന്‍ എത്തുന്നവര്‍ക്കും വെവ്വേറെ രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്ന ആറ് ഉപജില്ലാ സമിതികള്‍ക്കായി ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ള ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇത് കൂടാതെ ജില്ലാ- സംസ്ഥാന സമിതികള്‍ക്കായി വേറെ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്- പൂര്‍ത്തീകരണം - ക്രമവല്‍ക്കരണം, വ്യാപാര- വാണിജ്യ- സേവന ലൈസന്‍സുകള്‍, ജനന- മരണ- വിവാഹ രജിസ്ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങള്‍, ആസ്തികളുടെ പരിപാലനം, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ വിഷയങ്ങളിലാണ് ഓണ്‍ലൈനായി ലഭിച്ച പരാതികള്‍. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള തിയ്യതികളില്‍ എല്ലാ ജില്ലകളിലും തദ്ദേശ അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് പരാതികള്‍ കേള്‍ക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.