പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയിൽ പാതയിൽ കൂടുതൽ വികസനം വരണമെങ്കിൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകണം. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം നടത്താൻ അവ ശേഷിക്കുന്ന ഏക പാത ഷൊർണൂർ – നിലമ്പൂരാണ്. കേരളത്തിലെ ആദ്യ റെയിൽ പാതകളിൽ ഒന്നായിട്ടും ക്ഷമയോടെ കാത്തിരിപ്പിലാണ്. വൈദ്യുതീകരണം പൂർണസജ്ജമാകുന്നതോടെ കൂടുതൽ ട്രെയിനുകളും മെമു സർവീസുകളുമെല്ലാം ആരംഭിക്കാനാകും. ട്രെയിനുകളുടെ യാത്രച്ചെലവ് 30 ശതമാനം കുറയുകയും വലിയ തോതിൽ സമയലാഭം ഉണ്ടാകുകയും ചെയ്യും. രാത്രി കാല മെമു സർവീസിന്റെ സാധ്യതകളുൾപ്പെടെ തെളിയും. വൈദതീകരണം പൂർത്തിയാവുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടു. 66 കിലോമീറ്റർ പാതയിൽ 100 കോടി രൂപയോളം ചെലവിലാണു വൈദ്യുതീകരണം നടക്കുന്നത്. ലൈൻ വലിക്കലും തൂണ് സ്ഥാപിക്കലും അനുബന്ധ പ്രവർത്തനങ്ങളുമെല്ലാം എന്നേ കഴിഞ്ഞു. മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിൽ തട്ടിത്തടയുകയാണു വികസനം. മുൻപു കേന്ദ്രമന്ത്രിയുൾപ്പെടെ ഈ വിഷയത്തിൽ വൈദ്യുതി വകുപ്പിനെ പഴിചാരിയിരുന്നു. എന്നാൽ കെഎസ്‌ഇബിയുടെ പ്രവൃത്തികളേറെയും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ചോലക്കുളത്തെ 110 കെവി സബ് സ്‌റ്റേഷനിൽനിന്നാണു മേലാറ്റൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തു സ്ഥാപിക്കുന്ന 25,000 കെവി ട്രാക്‌ഷൻ സബ് സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ചു. സബ് സ്റ്റേഷന്റെ പ്രവൃത്തി ഇപ്പോഴും പാതിവഴി മാത്രമേ പിന്നിട്ടിട്ടുള്ളൂ. മഴയാണു പുതിയ പ്രതിസന്ധിയായി അധികൃതർ പറയുന്നത്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണു നിർമാണസാമഗ്രികൾ എത്തിക്കുന്നത്. ആവശ്യമായ ഒട്ടേറെ സാങ്കേതിക സാമഗ്രികൾ ഇനിയും എത്തേണ്ടതായിട്ടുണ്ട്. എത്തിച്ചാലും ഇറക്കി സൂക്ഷിക്കാൻ വേണ്ടത്ര സൗകര്യമില്ല. കഴിഞ്ഞ ദിവസം, വൈദ്യുതിയെത്തിക്കാൻ സ്ഥാപിച്ച ഭൂഗർഭ കേബിളിന്റെ മാൻഹോൾ പോയിന്റിൽ വെള്ളം നിറഞ്ഞതു പ്രതിസന്ധിയായിരുന്നു. സബ് സ്‌റ്റേഷൻ പരിസരമാകെ മണ്ണും ചെളിയുമായിക്കിടക്കുകയാണ്. പെട്ടെന്നു വെള്ളക്കെട്ട് രൂപപ്പെടുന്ന മേഖലയിലാണു സബ് സ്‌റ്റേഷൻ. ഉറപ്പില്ലാത്ത മണ്ണിൽ മണ്ണുമാന്തിയന്ത്രങ്ങളെത്തിക്കാനുള്ള ബുദ്ധിമുട്ടാണു പുതിയ വെല്ലുവിളി. നാമമാത്രമായ തൊഴിലാളികളാണു നിലവിൽ ജോലി ചെയ്യുന്നത്. പ്ലാറ്റ്ഫോം നീളം കൂട്ടി നവീകരിച്ച റെയിൽവേ സ്‌റ്റേഷനുകളിൽ ചില പ്രവൃത്തികൾ അവശേഷിക്കുന്നുണ്ട്. പാതയിലെ മറ്റു വൈദ്യുതീകരണ ജോലികളെല്ലാം കഴിഞ്ഞതാണ്. ഷൊർണൂരിലെ സബ് സ്‌റ്റേഷനിൽനിന്നു താൽക്കാലികമായി വൈദ്യുതിയെത്തിച്ചു കഴിഞ്ഞ മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്‌ട്രിക് ട്രെയിൻ സർവീസ് നടത്തുകയും ചെയ്‌തു. പാതയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും വാടാനാംകുർശിയിലുമായാണ് സ്വിച്ചിങ് സ്‌റ്റേഷനുകൾ. ഇവയെല്ലാം സജ്ജമായിക്കഴിഞ്ഞു. നിലവിൽ നിലമ്പൂരിൽനിന്നു ട്രെയിൻ എത്തുന്നതിന് 1.35 മണിക്കൂറാണു വേണ്ടിവരുന്നത്. ഇലക്‌ട്രിക് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഇത് 1.10 മണിക്കൂറായി കുറയും. 30 ശതമാനത്തോളം ചെലവും കുറയും. റെയിൽപാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി കമ്പനിയും മേലാറ്റൂർ സബ് സ്‌റ്റേഷന്റെ നിർമാണം ത്രിമൂർത്തി കമ്പനിയുമാണ് ഏറ്റെടുത്തുനടത്തുന്നത്. വൈദ്യുതീകരണം പൂർത്തിയായാൽ നിർദിഷ്‌ട നിലമ്പൂർ – നഞ്ചൻകോട് പാതയ്‌ക്ക് ആവശ്യമായ വൈദ്യുതിയും മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിൽനിന്നു നൽകാനാവും. നിലമ്പൂരിലേക്കു കുറഞ്ഞ ദൂരമേയുള്ളൂ എന്നതിനാൽ ഷൊർണൂരിൽനിന്നു വൈദ്യുതി നൽകാനാകുമായിരുന്നു. പക്ഷേ ഷൊർണൂരിൽനിന്നു വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോൾ തന്നെ വൈദ്യുതി നൽകുന്നതിനാൽ ഈ പാതയെക്കൂടി ഉൾക്കൊള്ളാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ കാരക്കാട് ലൈനിൽ പള്ളിപ്പുറം വരെയും ഒറ്റപ്പാലം വരെയും വടക്കാഞ്ചേരി വരെയും ഷെയറിങ് നടക്കുന്നുണ്ട്. പാത വൈദ്യുതീകരണം എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ റെയിൽവേ അധികൃതർക്കു തന്നെ വ്യക്തതക്കുറവുണ്ട്. മെമു സർവീസുകളുടെ സാധ്യതാപ ഠനം നടത്തണമെങ്കിൽ പോലും വൈദ്യുതീകരണം പൂർത്തിയാകണമെന്നാണ് അധികൃതർ പറയുന്നത്.
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ