സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് മഴ തുടരുന്നതിനിടെ പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ അടിയന്തര അപായ സന്ദേശം (എമർജൻസി അലർട്ട് സൈറൺ).
*മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.*
*ഇതേത്തുടർന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ജനങ്ങൾക്ക് നേരിട്ട് ജാഗ്രതാ നിർദ്ദേശം കൈമാറിയത്.*
*അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.*
*മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ മാരക അപകടസാധ്യതകൾ മുന്നിൽക്കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അതത് ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകി.*
*അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കർശന നിയന്ത്രണമുണ്ട്.