തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. ഉള്ള്യേരിയിൽ തെങ്ങും മരവും വീടിന് മുകളിലേക്ക് കടപുഴകി വീണു. കരീറ്റുംപുറത്ത് പ്രേംകുമാറിന്റെ വീടിന് മുകളിലാണ് മരം വീണത്. ആർക്കും പരിക്കേറ്റിട്ടില്ല. വീടിന് കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റിൽ കോട്ടയം കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ മരം കടപുഴകി വീണു. മരം വീണ് വൈദ്യുതി ലൈനിന് കേടുപാട് പറ്റി. രാവിലെ പത്തരയോടെയായിരുന്നു അപകടം.
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും.
June 09, 2026