പൊന്നാനി മത്സ്യബന്ധന തുറമുഖം: വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.




പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി പി.എം.എം.എസ്.വൈ (പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 25.10 കോടിയുടെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജീവ് രഞ്ജന്‍ സിങ്, സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സംസ്ഥാന ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പി. നന്ദകുമാര്‍ എം.എല്‍.എ എന്നിവരും ഓണ്‍ലൈനായി പങ്കെടുത്തു.  

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നടന്ന പ്രാദേശിക ചടങ്ങില്‍ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി., കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രശാന്തന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ജി മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ശിലാഫലകം അനാച്ഛാദനം ചെയ്തു.

പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണത്തിനായി 18.73 കോടിയുടെയും മെയിന്റനന്‍സ് ഡ്രഡ്ജിങ്ങിനായി 6.37 കോടിയുടെയും പദ്ധതികളാണ് ഇതുവഴി നടപ്പാക്കുന്നത്. 11.24 കോടി കേന്ദ്രവിഹിതവും 7.49 കോടി സംസ്ഥാന വിഹിതവും ഉള്‍പ്പെടെയാണ് ആധുനികവത്കരണത്തിനുള്ള വിഹിതം. പുതിയ വാര്‍ഫ്, ലേല ഹാള്‍, പാര്‍ക്കിങ് ഏരിയ, കവേര്‍ഡ് ലോഡിങ് ഏരിയ, ലോ ലവല്‍ ജെട്ടി നിര്‍മാണം, പെറ്റി ഷോപ്പുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റോഡ് നിര്‍മ്മാണം, കാന്റീന്‍ കെട്ടിടം, വര്‍ക്ക് ഷോപ്പ് കെട്ടിടം, വല നെയ്യല്‍ കേന്ദ്രം, ഗ്രീന്‍ ബെല്‍റ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ അധുനികവത്ക്കരണത്തില്‍ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടു കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.