ജാമ്യത്തിലിറങ്ങി മുങ്ങി, 8 വര്‍ഷം പല സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി എടവണ്ണ പൊലിസ്.

Unknown


എടവണ്ണ: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി എട്ടുവർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടില്‍ വെച്ച്‌ എടവണ്ണ പൊലിസ് പിടികൂടി.ഒഡീഷ സ്വദേശിയായ രാജീവ് ഖന്നയെയാണ് മലപ്പുറം ജില്ലാ പ്രത്യേക അന്വേഷണസംഘം ഡിണ്ടിഗല്‍ ജില്ലയിലെ ആണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. എടവണ്ണ പൊലിസ് സ്റ്റേഷൻ പരിധിയിലെ തുവ്വക്കാട് കീർത്തികുണ്ടിലുള്ള ഹോളോബ്രിക്സ് നിർമാണ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു രാജീവ് ഖന്ന. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഒഡീഷ സ്വദേശിയെ വാക്കുതർക്കത്തെ തുടർന്ന് ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പിടിയിലായ പ്രതി, കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ 2018-ലാണ് കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയത്.
വിവിധ പേരുകളില്‍ ഒളിവ് ജീവിതം ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു പ്രതി. തിരിച്ചറിയാതിരിക്കാൻ വ്യത്യസ്ത സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഇയാള്‍ ജീവിച്ചു പോന്നത്. ഒടുവില്‍ തമിഴ്നാട് ആണ്ണൂരിലെ ഒരു ഫാക്ടറിയില്‍ വ്യാജപ്പേരില്‍ ജോലി ചെയ്തു വരികയാണെന്ന രഹസ്യവിവരം പൊലിസിന് ലഭിച്ചു. തുടർന്ന് ദിവസങ്ങളോളം ഈ പ്രദേശം നിരീക്ഷണത്തിലാക്കിയ ശേഷമാണ് പ്രത്യേക സംഘം പ്രതിയെ വലയിലാക്കിയത്.എടവണ്ണ പൊലിസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലിസ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവില്‍ പൊലിസ് ഓഫീസർ രഞ്ജിത് കുമാർ, സിവില്‍ പൊലിസ് ഓഫീസർ സിയാദ് വി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തമിഴ്നാട്ടില്‍ ചെന്ന് സാഹസികമായി പിടികൂടിയത്. പ്രതിയെ മലപ്പുറത്ത് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കും.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!