കോഴിക്കോട്: ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നു കലക്ടർ എം.എസ്.മാധവിക്കുട്ടി. മുന്നറിയിപ്പ് അവഗണിച്ചു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കലക്ടർ പറഞ്ഞു. 9 മുതൽ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു കലക്ടറേറ്റിലെ ആസൂത്രണ സമിതി യോഗം ചേർന്നു. ട്രോളിങ് നിരോധന കാലത്തേക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.അനീഷ് പറഞ്ഞു. കടൽ പട്രോളിങ്ങിനും കടൽ സുരക്ഷാ പ്രവർത്തനത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (0495 2414074, 2992194, 9496007052) ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ കടൽ സുരക്ഷാ പട്രോളിങ് പ്രവർത്തനങ്ങൾക്കായി 3 ബോട്ടുകൾ വാടകയ്ക്ക് എടുക്കാൻ നടപടി സ്വീകരിച്ചു. ഇവ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. റെസ്ക്യു ഗാർഡുമാരെ നിയോഗിക്കുന്നതിനുള്ള അഭിമുഖം പൂർത്തിയായി. ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈൻ റെസ്ക്യു യൂണിറ്റ് (ഫൈബർ വള്ളം) ചോമ്പാൽ ബേസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കും. എല്ലാ ഹാർബറുകളിലും രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടും ആംബുലൻസ് സംവിധാനവും ഒരുക്കുക, പ്രവർത്തനരഹിതമായ സിഗ്‌നൽ സംവിധാനം ശരിയാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര ചികിത്സയ്ക്കു സംവിധാനം ഒരുക്കുക, സാമ്പത്തിക സഹായങ്ങൾ ഉടൻ അനുവദിക്കുക, രേഖയില്ലാതെ അതിഥിത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു വരുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു. നിർത്തിയിടുന്ന ബോട്ടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നു കലക്ടർ പറഞ്ഞു. ഹാർബറുകളുടെ ശുചീകരണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ വേണം. തൊഴിലാളികൾ ഇൻഷുറൻസ് സ്‌കീമിൽ പങ്കാളികളാകണം. ഹാർബർ മാനേജ്മെന്റ് സൊസൈറ്റി യോഗങ്ങൾ കൃത്യമായി ചേരാൻ നടപടിയുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ട്രോളിങ് നിരോധനം: മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകരുത്.
June 07, 2026