കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അഴുക്കുചാലില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയ സംഭവത്തിൽ ട്വിസ്റ്റ്. സുഹൃത്തുക്കളുമായി തെറ്റിയതിനെ തുടർന്ന് ഓടയിൽ ഒളിക്കുകയായിരുന്നുവെന്നാണ് പശ്ചിമബംഗാൾ സ്വദേശി അജയ് ഉറവ് പറഞ്ഞത്. കഴിഞ്ഞ ഒന്നാം തിയതിയാണ് സുഹൃത്തുക്കൾക്കൊപ്പം അജയ് ജോലിക്കായി കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ ട്രെയിന്‍ കോഴിക്കോടെത്തിയതിന് പിന്നാലെ അജയും സുഹൃത്തുക്കളും തമ്മിൽ വഴക്കിടുകയും അജയ് ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ഓവുചാലിനു സമീപം 200 മീറ്റർ അകലെയുള്ള തുറന്ന ഭാഗത്തുകൂടിയാണ് അജയ് അകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പുറത്തിറങ്ങാന്‍ കഴിയാതായതോടെ പണി പാളി. സ്ലാബുകൾക്കിടിയിലെ ചെറിയ വിടവിലൂടെ കൈ പുറത്തേക്കിട്ട് സഹായം തേടുന്നത് സമീപത്തുകൂടി നടന്നുപോയ രണ്ട് സ്ത്രീകളാണ് ആദ്യം കണ്ടത്. ഇതോടെ സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളടക്കമുള്ളവർ എത്തി. ബീച്ച് ഫയര്‍ ഫോഴ്സിലും ചെമ്മങ്ങാട് പൊലീസിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സ്ലാബ് മാറ്റി യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റ് ഘടന മാറ്റുന്നത് യുവാവിന് പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത്. യുവാവിന് പരിക്കൊന്നുമില്ല. ശനിയാഴ്ച രാവിലെ 11ഓടെ പാളയം പുഷ്പ ജങ്ഷന് സമീപത്തെ ഇന്‍ഡോ അസോസിയറ്റ്സ് കെട്ടിടത്തിനു മുന്നിലെ അഴുക്കുചാലിലാണ് യുവാവിനെ കണ്ടത്. തുടർന്ന് ഇയാളെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി അഴുക്കുചാലില്‍ വീണ സംഭവത്തില്‍ ട്വിസ്റ്റ്.
June 07, 2026