മലപ്പുറം: ദേശീയപാതയിലെ കോഹിനൂരിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ചുണ്ടായ ദരുണ അപകടത്തിൽ ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ പന്നിത്തടം (കേച്ചേരി) സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 11.40 ഓടെയായിരുന്നു അപകടം. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ഷഹീദും കുടുംബവും കോഴിക്കോട് ബീച്ച് സന്ദർശിച്ച ശേഷം തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കോഹിനൂർ മേഖലയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ശക്തമായ മഴയുണ്ടായിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ ആളുകൾ വിവരമറിയാൻ വൈകിയിരുന്നു. തുടർന്ന് അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നിരവധി പേർ ഉടനടി രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണ്ണമായും തകർന്നുപോയിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു. ഏകദേശം 20 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മീഞ്ചന്തയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് ഗുരുതരമായി പരിക്കേറ്റ മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഹിനൂരിലെ ലോറി പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ലോറികൾ റോഡരികിൽ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നതും, മതിയായ മുന്നറിയിപ്പ് ബോർഡുകളുടെയോ സിഗ്നലുകളുടെയോ അഭാവവുമാണ് ഇവിടെ പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകുന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.